• Aug 20, 2025

അമ്മയുടെയും കുഞ്ഞിന്റെയും ശരിയായ ആരോഗ്യം കണക്കിലെടുത്ത്, ഗർഭാവസ്ഥയിൽ യാത്ര ചെയ്യുമ്പോൾ പല മുൻകരുതലുകളും സ്വീകരിക്കേണ്ടതായുണ്ട്. യാത്രയ്ക്കായി, വായുമാർഗ്ഗം ആണ് തെരഞ്ഞെടുക്കുന്നതെങ്കിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ഫ്‌ളൈറ്റ് യാത്രകൾ നടത്തുമ്പോൾ തങ്ങളുടെ സുരക്ഷയെക്കുറിച്ചും എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അറിയാതെ ആശങ്കാകുലരാകുന്ന നിരവധി ഗർഭിണികൾ ഉണ്ട്. ഗർഭിണിയായി എത്ര മാസം വരെ ഫ്‌ളൈറ്റിൽ യാത്ര ചെയ്യാം, ഫ്‌ളൈറ്റ് യാത്രയിൽ നേരിട്ടേക്കാവുന്ന ബുദ്ധിമുട്ടുകൾ, എല്ലാ എയർലൈൻസുകളും ഗർഭിണികളെ യാത്ര ചെയ്യാൻ അനുവദിക്കാറുണ്ടോ, ഒരു ഗർഭിണിക്ക് വിമാനയാത്ര നടത്താൻ എന്തെങ്കിലും പ്രത്യേക രേഖകൾ ഹാജരാക്കേണ്ടതുണ്ടോ എന്ന് തുടങ്ങി, ഇതുമായി ബന്ധപ്പെട്ട, നിരവധി സംശയങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഫ്‌ളൈറ്റ് യാത്ര ചെയ്യുന്ന ഗർഭിണികൾക്ക് സഹായകമാകുന്ന ഇത്തരം വിവരങ്ങളാണ് ഇവിടെ ഉൾപ്പെടുത്തുന്നത്.

ഗർഭാവസ്ഥയിൽ വിമാനയാത്ര നടത്താമോ?

ഗർഭാവസ്ഥയിൽ വിമാനയാത്ര നടത്താമോ എന്നറിയാതെ ആശങ്കപ്പെടുന്നവരാണ് നിങ്ങൾ എങ്കിൽ, ഉറപ്പായും നടത്താം എന്നതാണ് ഉത്തരം. സാധാരണ യാത്രക്കാരന് അനുവദിക്കുന്ന എല്ലാ സുരക്ഷകളും അനുവദിച്ചുകൊണ്ട്, ആരോഗ്യപരമായ സങ്കീർണ്ണതകൾ ഇല്ലാത്ത ഗർഭിണികൾക്ക്, 36 ആഴ്‌ച വരെ വിമാനയാത്ര നടത്തുന്നതിൽ യാതൊരു വിധ അപകടവുമില്ല. യാത്രയ്ക്കായി നിങ്ങൾ തെരഞ്ഞെടുക്കുന്ന എയർലൈൻസിന്റെ നിയമങ്ങൾക്ക് വിധേയമായിരിക്കും ഇത്. എന്നിരുന്നാലും, യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിന് മുൻപായി, യാത്ര ചെയ്യാൻ നിങ്ങൾ ശാരീരികവും മാനസികവുമായി തയ്യാറാണോ എന്ന് അറിയാനായി ഗൈനക്കോളജിസ്റ്റിന്റെ വിദഗ്ധ അഭിപ്രായം തേടേണ്ടതാണ്. ഗൈനക്കോളജിസ്റ്റ്, പരിശോധിച്ച ശേഷം, യാത്ര ശരി വയ്ക്കുന്നു എങ്കിൽ മാത്രം ഒരു ഗർഭിണിക്ക് യാത്ര ചെയ്യാവുന്നതാണ്. ആകസ്മികമായി ഉണ്ടായേക്കാവുന്ന അപകടങ്ങളെ ചെറുക്കാൻ ഇത് സഹായകമാകും.

എത്ര മാസം വരെ ഗർഭകാലം ആയ ഗർഭിണികൾക്ക് ആശങ്കകൾ കൂടാതെ യാത്ര ചെയ്യാനാകും?

  • ഒട്ടു മിയ്ക്ക വാണിജ്യ എയർലൈൻസുകളും 36 ആഴ്ച വരെ ഗർഭകാലമുള്ള ഗർഭിണികളെ തങ്ങളുടെ ഫ്‌ളൈറ്റുകളിൽ യാത്ര ചെയ്യാൻ അനുവദിക്കാറുണ്ട്.
  • ചില എയർലൈൻസുകൾ 32 ആഴ്ച വരെ ഗർഭകാലം ഉള്ളവരെയാണ് അനുവദിക്കുന്നത്. 
  • വിവിധ എയർലൈൻസുകളും വ്യത്യസ്ത പോളിസികളാണ് ഇക്കാര്യത്തിൽ സ്വീകരിക്കുന്നത്. 
  • യാത്ര ചെയ്യാൻ തെരഞ്ഞെടുക്കുന്ന എയർലൈൻസുകളെയും യാത്രയുടെ സ്വഭാവത്തെയും അടിസ്ഥാനപ്പെടുത്തിയാണ് ഇത് തീരുമാനിക്കപ്പെടുന്നത്.
  • ആഭ്യന്തര യാത്രകൾ ചെയ്യാനും അന്താരാഷ്ട്ര യാത്രകൾ ചെയ്യാനും അനുവദനീയമായ ഗർഭകാലം വ്യത്യസ്തമാണ്.
  • ദൂരയാത്രകൾ നടത്തുന്നത് വഴി അമ്മയ്ക്കും കുഞ്ഞിനും ഉണ്ടായേക്കാവുന്ന ദോഷങ്ങൾ കണക്കിലെടുത്താണ് ഇത്തരം നടപടി സ്വീകരിച്ചിരിക്കുന്നത്.

36 ആഴ്ചയിൽ കൂടുതൽ ഗർഭകാലം ഉള്ള ഗർഭിണികളെ ഫ്‌ളൈറ്റിൽ അനുവദിക്കുമോ?

സാധാരണയായി, ഗർഭകാലം 36 ആഴ്ച കഴിഞ്ഞ ഗർഭിണികളെ ആഭ്യന്തര യാത്രകൾ ചെയ്യുന്നതിൽ നിന്നും, 28 മുതൽ 35 ആഴ്ച വരെ ഗർഭകാലം ഉള്ളവരെ അന്താരാഷ്ട്ര യാത്രകൾ ചെയ്യുന്നതിൽ നിന്നും എയർലൈൻസുകൾ വിലക്കിയിരിക്കുന്നു. യാത്ര ചെയ്യേണ്ടത് അത്യാവശ്യമാണെങ്കിൽ ഗൈനക്കോളജിസ്റ്റ് സാക്ഷ്യപെടുത്തിയ രേഖകളും MEDIF ഉം ഹാജരാക്കുന്ന പക്ഷം ഗർഭിണികൾക്ക് യാത്ര ചെയ്യാവുന്നതാണ്.

ഗർഭിണികൾക്ക് യാത്ര ചെയ്യാൻ ഏറ്റവും അനുയോജ്യമായ ഗർഭകാലവും ഒട്ടും അനുയോജ്യമല്ലാത്ത ഗർഭകാലവും ഏതൊക്കെ?

ഗർഭിണിയായി രണ്ടാമത്തെ മൂന്ന് മാസങ്ങളിൽ വിമാനയാത്ര നടത്തുന്നതാണ് ഏറ്റവും സുരക്ഷിതം. ആദ്യ മൂന്ന് മാസങ്ങളിൽ കഴിവതും, ഗർഭിണികൾ, ഫ്‌ളൈറ്റുകളിൽ ദൂരയാത്രകൾ നടത്തുന്നത് ഒഴിവാക്കുക. ഗർഭകാലം തുടങ്ങുന്ന സമയത്ത് ആരോഗ്യപ്രശ്നങ്ങൾ അധികമായിരിക്കും. ആദ്യ മാസങ്ങളിൽ ഫ്‌ളൈറ്റിൽ ദൂരയാത്രകൾ ചെയ്യുമ്പോൾ, രക്തം കട്ട പിടിക്കാനുള്ള സാധ്യതകൾ 7 മടങ്ങ് വർധിപ്പിക്കും. യാത്ര ചെയ്യാൻ, രണ്ടാമത്തെ ട്രൈമസ്റ്റർ ആണ് ഏറ്റവും അനുയോജ്യം. ശാരീരിക ബുദ്ധിമുട്ടുകൾ പൊതുവെ ഈ സമയത്ത് കുറവായതിനാൽ, കൂടുതൽ പ്രശ്നങ്ങൾ ഇല്ലാതെ ഈ സമയത്ത് യാത്ര ചെയ്യാൻ ഗർഭിണികൾക്ക് ആകും. എന്നാൽ 28 ആഴ്ച കഴിയുന്നത് യാത്ര ദുസ്സഹമാക്കും എന്നതിനാൽ അതിനു ശേഷമുള്ള യാത്രകൾ കഴിവതും ഒഴിവാക്കുക. 

ഗർഭിണികൾക്ക് വിമാനത്തിൽ സഞ്ചരിക്കാൻ പാലിക്കേണ്ട നിയമനടപടികൾ

അമ്മയ്ക്കും കുഞ്ഞിനും അനാവശ്യമായി ഉണ്ടായേക്കാവുന്ന അപകടങ്ങൾ ഒഴിവാക്കാനായി, ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് മുൻപ് തന്നെ എല്ലാ ഗർഭിണികളും, ഗൈനക്കോളജിസ്റ്റുകളുമായി കൂടിക്കാഴ്ച നടത്തി, യാത്ര ചെയ്യാൻ അവർ പ്രാപ്പ്തരാണോ എന്ന് ഉറപ്പുവരുത്തിയിരിക്കണം. എല്ലാ എയർലൈൻസുകളും ഇത് ശരി വയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.

  • യാത്ര ചെയ്യുന്ന ഗർഭിണികളുടെ ഗർഭകാലവും പ്രസവത്തിൽ ഉണ്ടായേക്കാവുന്നതുമായ സങ്കീർണതകളും പരിഗണിച്ചുകൊണ്ട്, അവർ യാത്ര പുറപ്പെടുന്നതിനു മുൻപായി മെഡിക്കൽ ഫിറ്റ്നെസ് ഹാജരാകേണ്ടതുണ്ട്. 
  • അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷാ കണക്കിലെടുത്ത് 36 ആഴ്ചയിൽ കൂടുതൽ ഗർഭകാലം ഉള്ളവരെ വിമാനയാത്ര ചെയ്യുന്നതിൽ നിന്ന് മിയ്ക്ക എയർലൈൻസുകളും തടയുന്നു. 
  • 28 ആഴ്ചവരെ ഗർഭകാലം ഉള്ള, ഒറ്റ ഗർഭം മാത്രമുള്ള, മറ്റു സങ്കീർണ്ണതകൾ ഇല്ലാത്ത ഗർഭിണികൾക്ക് മെഡിക്കൽ സെർട്ടിഫിക്കറ് ഇല്ലാതെ തന്നെ യാത്ര ചെയ്യാൻ സാധിക്കും. 
  • 29 ആഴ്ച മുതൽ 36 ആഴ്ച വരെ ഗർഭകാലം ഉള്ള, സങ്കീർണ്ണതകൾ ഒന്നുമില്ലാത്ത ഒറ്റ ഗർഭം മാത്രമുള്ള ഗർഭിണികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടാതെ യാത്ര ചെയ്യാൻ സാധിക്കുകയില്ല.
  • സങ്കീർണ്ണതകൾ ഉള്ള, 36 ആഴ്ച വരെ ഗർഭകാലം ആയ, ഒറ്റ ഗർഭമുള്ളവർക്ക് ഡോക്ടർ സർട്ടിഫിക്കറ്റിനോടൊപ്പം MEDIF ഉം ഹാജരാക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ യാത്ര ചെയ്യാനുള്ള അനുമതി ലഭിക്കുകയുള്ളു. 
  • 32 ആഴ്ചയോ അതിലധികമോ ഗർഭകാലം ഉള്ള ഒന്നിൽ കൂടുതൽ ഗർഭമുള്ള സങ്കീർണ്ണതകളോട് കൂടിയതോ അല്ലാത്തതോ ആയ ഗർഭിണികളെ യാതൊരു കാരണവശാലും യാത്ര ചെയ്യാൻ അനുവദിക്കുന്നതായിരിക്കില്ല. 

MEDIF( മെഡിക്കൽ ഇൻഫർമേഷൻ ഫോം)ന്റെ ആവശ്യം എന്ത്?

IATA അംഗീകരിച്ചിട്ടുള്ള, യാത്രക്കാരന്റെ വിവരങ്ങളും,മെഡിക്കൽ കണ്ടീഷനുകളും ഉൾപ്പെട്ട വിവരങ്ങളെയാണ് MEDIF എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. യാത്ര ചെയ്യുന്ന ഗർഭിണിക്ക് ഏതെങ്കിലും വിധത്തിലുള്ള വൈദ്യസഹായം ആവശ്യമായി വരുമ്പോൾ, അവരുമായി ബന്ധപ്പെട്ട എല്ലാ മെഡിക്കൽ വിവരങ്ങളും അറിയേണ്ടത് അനിവാര്യമാണ്.

ഫ്‌ളൈറ്റ് യാത്രയ്ക്ക് ഒരുങ്ങുന്ന ഒരു ഗർഭിണി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ?

ഗർഭാവസ്ഥയിൽ ആയിരിക്കുന്ന അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട്. ആയതിനാൽ സുരക്ഷിതമായി എങ്ങനെ യാത്ര ചെയ്യണം എന്ന മനസിലാക്കിയിരിക്കേണ്ടത് അതിലേറെ അത്യാവശ്യമാണ്. 

  • ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ തന്നെ മുൻകൂട്ടി സീറ്റും ബുക്ക് ചെയ്യാൻ ശ്രദ്ധിക്കുക. 
  • ആവശ്യമെങ്കിൽ അധിക ലെഗ്‌റൂം സ്പേസ് നേടുക. 
  • ടിക്കറ്റ് ബുക്ക് ചെയ്ത തീയതിയും യാത്ര പുറപ്പെടുന്ന തീയതിയും തമ്മിൽ വലിയ അന്തരം ഉണ്ടെങ്കിൽ ബുദ്ധിമുട്ടുകൾ ഇല്ലാതെ യാത്ര ചെയ്യാൻ സാധിക്കും എന്ന് തെളിയിക്കുന്ന രേഖകൾ കയ്യിൽ കരുതുക. പുറപ്പെടാൻ സമയത്തിന് 72 മണിക്കൂറുകൾക്ക് മുൻപ് അനുവദിച്ച രേഖകളാണ് ആവശ്യം.

ഗർഭിണികളായ യാത്രക്കാർക്ക് എയർപോർട്ടിലും വിമാനത്തിനുള്ളിലും ലഭിക്കുന്ന സൗകര്യങ്ങൾ

ഗർഭാവസ്ഥയിൽ യാത്ര ചെയ്യേണ്ടി വരുന്നവർ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നിരവധിയാണ്. ഇത് പരിഗണിച്ചുകൊണ്ട്, ഗർഭിണികളുടെ യാത്ര കൂടുതൽ സുഖപ്രദമാക്കാനായി പല നടപടികളും എയർലൈൻസുകൾ സ്വീകരിക്കുന്നുണ്ട്. 

  • ഗർഭാവസ്ഥയിൽ അധിക ദൂരം നടക്കുക എന്നത് ബുദ്ധിമുട്ട് ഉളവാക്കുന്ന കാര്യമായതിനാൽ മിയ്ക്ക എയർലൈൻസുകളും അവരുടെ ഗർഭിണികളായ യാത്രക്കാർക്കായി വീൽ ചെയർ സൗകര്യം ഒരുക്കിയിട്ടുണ്ട്. 
  • എല്ലാ എയർപോർട്ടുകളിലും മെഡിക്കൽ റൂമുകളും ഫാർമസികളും ഉള്ളതിനാൽ ഗർഭിണികൾക്ക് അവശ്യ സാഹചര്യങ്ങളിൽ ഇവയുടെ സേവനം ഉപയോഗിക്കാവുന്നതാണ്.
  • ഗർഭിണികളായിരിക്കുന്ന സാഹചര്യങ്ങളിൽ പലരുടെയും ഭക്ഷണ രീതികളും താൽപ്പര്യങ്ങളും മാറുന്നതുകൊണ്ട് തന്നെ അത് മനസ്സിലാക്കിക്കൊണ്ടുള്ള മികച്ച ഓപ്‌ഷനുകൾ ആണ് ഈ സമയത്ത് ലഭിക്കുക. 
  • നീളം കൂട്ടാവുന്ന തരത്തിലുള്ള സീറ്റ് ബെൽറ്റുകളാണ് ഗർഭിണികൾക്ക് നൽകുന്നത്. 

ഗർഭിണികളായ യാത്രക്കാർ വിമാനയാത്ര നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

  • ശരിയായ സീറ്റ് തെരഞ്ഞെടുക്കുക: സുഗമമായ യാത്രക്ക് ഏറ്റവും അനുയോജ്യമായ സീറ്റ് തെരഞ്ഞെടുക്കുക എന്നത് വളരെ പ്രാധാന്യമുള്ളതാണ്. വേഗത്തിൽ എഴുന്നേൽക്കാനും, കാലുകൾ നിവർത്താനും, റസ്റ്റ് റൂം ഉപയോഗിക്കാനുമൊക്കെയുള്ള എളുപ്പത്തിനായി എപ്പോഴും ഇടനാഴിയിലെ സീറ്റുകൾ തെരെഞ്ഞുക്കാൻ ശ്രദ്ധിക്കണം.
  • സൗകര്യപ്രദമായ വായു സഞ്ചാരം ലഭിക്കുന്ന അയഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം.
  • ടേക്ക് ഓഫിന്റെയും ലാൻഡിങ്ങിന്റെയും സമയത്ത് ധാരാളം വെള്ളം കുടിക്കുക. ആവശ്യമെങ്കിൽ വാട്ടർ ബോട്ടിലുകൾ കയ്യിൽ കരുതുക. 
  • ഗര്ഭകാലത്ത്, രക്തം കട്ട പിടിക്കാനുള്ള സാദ്ധ്യതകൾ ഒഴിവാക്കാനായി ഒരോ മണിക്കൂർ ഇടവിട്ടും ഫ്ളൈറ്റിനുള്ളിൽ നടക്കുക. ഇരുന്ന് കൊണ്ട് തന്നെ ചെയ്യാൻ കഴിയുന്ന ആങ്കിൾ റോടേഷൻ, ലെഗ് ലിഫ്റ്റ് തുടങ്ങിയ വ്യായാമങ്ങൾ ചെയ്യുക.
  • അധിക സപ്പോർട്ടിനായി ഒരു ട്രാവൽ പില്ലോ കയ്യിൽ കരുതുക.
  • അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തയ്യാറെടുത്തുകൊണ്ട് യാത്ര ആസൂത്രണം ചെയ്യുക.
  • അത്യാവശ്യത്തിനുള്ള മരുന്നുകൾ കയ്യിൽ കരുതുക.
  • വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ റേഡിയേഷൻ ഏൽക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക.
  • സീറ്റ് ബെൽറ്റ് എക്സറ്റൻഡറുകൾ ഉപയോഗിക്കുക.

ഉപസംഹാരം

തുടർച്ചയായുള്ള വിമാനയാത്രകൾ ഗർഭകാലത്ത് ഒഴിവാക്കേണ്ടതാണ്. അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷാ കണക്കിലെടുത്തു മിയ്ക്ക എയർലൈൻസുകളും 36 ആഴ്ചകൾക്ക് ശേഷം ഗർഭിണികളെ ഫ്‌ളൈറ്റിൽ അനുവദിക്കാറില്ല. ഗർഭാവസ്ഥയിൽ യാത്ര ചെയ്യാൻ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നും, എന്തൊക്കെ നടപടികൾ പാലിച്ചുകൊണ്ടാണ് ഗർഭിണികളെ ഫ്‌ളൈറ്റിൽ യാത്ര ചെയ്യിക്കുന്നത് എന്നുമൊക്കെയാണ് ഇവിടെ വിവരിച്ചത്. ഫ്‌ളൈറ്റ് യാത്രയ്ക്ക് ഒരുങ്ങുന്ന ഒരു ഗർഭിണി ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ച് വേണം യാത്രയ്ക്ക് തയ്യാറെടുക്കേണ്ടത്. വ്യത്യസ്ത എയർലൈൻസുകളുടെ പ്രഗ്നൻസി പോളിസികൾ വ്യത്യസ്തമായിരിക്കും. അവ വ്യക്തമായി മനസിലാക്കി വേണം യാത്ര ചെയ്യേണ്ടത്.

partner-icon-iataveri12mas12visa12